shweta-menon-680x450.jpg

ടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ കാർത്തിക്കിന്റെ വിശദീകരണത്തിൽ പ്രതികരണവുമായി അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ രം​ഗത്ത്. യൂട്യൂബർ ഇന്നലെ പറഞ്ഞത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും, സ്ത്രീകൾക്ക് ഒപ്പമാണ് ‘അമ്മ’ സംഘടന നിലകൊള്ളുന്നതെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. അതേസമയം, യൂട്യൂബർ കാർത്തിക് കഴിഞ്ഞ ദിവസം ഗൗരി കിഷനോട് മാപ്പ് പറഞ്ഞിരുന്നു. നടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു എന്നും കാർത്തിക് വ്യക്തമാക്കിയിരുന്നു. ദുരുദ്ദേശത്തോടെയല്ല സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂട്യൂബർ സിനിമയിലെ നായകനോട് നടിയുടെ ഭാരം എത്രയെന്നായിരുന്നു ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരി കിഷനെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് എന്തിനാണെന്ന് ഗൗരി പ്രതികരിച്ചു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ നടിക്കെതിരെ തിരിയുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ, സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ ഗൗരിക്ക് പിന്തുണയുമായി രംഗത്തെത്തി. സംവിധായകൻ പാ രഞ്ജിത്ത്, “മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലാണെന്നതിന്റെ തെളിവാണ്” എന്ന് പ്രതികരിച്ചു. നടി ഖുശ്ബു സുന്ദർ, നടൻ കവിൻ, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പ്രമുഖർ താരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

വിവാദം കത്തിപ്പടർന്ന സമയത്ത്, ഗൗരിയുടെ പ്രതികരണം ഒരു പിആർ സ്റ്റണ്ട് മാത്രമാണെന്നും, താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും യൂട്യൂബർ കാർത്തിക് ആദ്യം പ്രതികരിച്ചിരുന്നു. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും, അന്തരീക്ഷം സൗഹൃദപരമാക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് വാദിച്ചിരുന്നു. കൂടാതെ, മാർക്കറ്റ് വാല്യൂ ഉണ്ടാക്കാനും പുതിയ സിനിമ ഓടാനും വേണ്ടിയാണ് നടി ഈ വിഷയത്തെ വലുതാക്കുന്നത് എന്നും കാർത്തിക് ആരോപിച്ചിരുന്നു.

അതേസമയം തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പോസ്റ്റുമായി ഗൗരി എത്തിയിരുന്നു. വിഷമകരമായ ഒരു സാഹചര്യത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അത് ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേര്‍ക്ക് വേണ്ടിയായിരുന്നു എന്നും ഗൗരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *