ഇന്ത്യയുടെ ടി20 ടീമിൽ നിന്നും ഈ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കിയത് വിമർശിച്ച് മുൻ ചീഫ് സെലക്ടർ ദിലീപ് വെംഗ്സർക്കാർ രംഗത്ത്. “ജയ്സ്വാളിനെ പുറത്താക്കാൻ അവൻ എന്താണ് തെറ്റ് ചെയ്തത്? അദ്ദേഹം സ്ഥിരതയോടെ കളിച്ചുവരുമ്പോഴും ടീമിൽ ഇടം നൽകാത്തത് നിർഭാഗ്യകരമാണ്” എന്നാണ് പിടിഐയ്‌ക്കെ നൽകിയ അഭിമുഖത്തിൽ വെംഗ്സർക്കാർ പറഞ്ഞത്.
ടി20 ഫോർമാറ്റിൽ ഒരു യുവതാരത്തോട് ‘നിങ്ങളെ ആവശ്യമില്ല’ എന്ന് പറയുന്നത് ആത്മവിശ്വാസത്തിലും കരിയറിലുമുള്ള വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ജയ്സ്വാളിന്റെ കളിയുടെ മുഖ്യശക്തി ആത്മവിശ്വാസമാണെന്നും, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒഴിവാക്കപ്പെടുന്നത് നിരാശാജനകമാണെന്നും വെംഗ്സർക്കാർ ചൂണ്ടിക്കാട്ടി.
ഗില്ലിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ തീരുമാനം ശരിയാണെങ്കിലും, ആ സാഹചര്യത്തിൽ ഫസ്റ്റ് ചോയ്സ് ഓപ്പണറായി എത്തേണ്ടത് ജയ്സ്വാളായിരുന്നു. ടീമിൽ ഇടം കിട്ടുന്നതിന് പുറമെ പ്ലേയിംഗ് ഇലവനിലും അവസരം ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഞാനായിരുന്നു സെലക്ടർ എങ്കിൽ ജയ്സ്വാൾ ടീമിലുണ്ടായേനേ,” വെംഗ്സർക്കാർ പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പിൽ ബാക്കപ്പ് ഓപ്പണർ ആയിരുന്നെങ്കിലും, രോഹിത്-കോലി ഓപ്പണർമാരായി എത്തിയതോടെ ജയ്സ്വാളിന് ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് ടീമിനിന്നകന്ന താരത്തിന് അവസാനമായി ഇന്ത്യക്കായി കളിച്ചത് 2024 ജൂലൈയിലാണ്.
അഭിഷേക് ശർമ്മ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതും, ശുഭ്മാൻ ഗിൽ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി തിരിച്ചെത്തിയതുമാണ് ജയ്സ്വാളിന്റെ പുറന്തള്ളലിന് കാരണമായി കാണുന്നത്. ഗിൽ പിന്നീട് മോശം ഫോമിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും, അദ്ദേഹത്തിന് പകരം മൂന്ന് ടി20 സെഞ്ചുറികൾ നേടിയ സഞ്ജു സാംസണെയാണ് ഓപ്പണറായി ടീമിൽ ഉൾപ്പെടുത്തിയത്.
