Home » Blog » Kerala » യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും: യുവജനകമ്മിഷൻ ചെയർമാൻ എം ഷാജർ
images - 2026-02-11T183408.070

യുവജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി കണ്ടെത്തലുകൾ സർക്കാരിന് റിപ്പോർട്ടായി സമർപ്പിക്കുമെന്ന് യുവജനകമ്മിഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ആലപ്പുഴ ജില്ലാതല അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യൂത്ത് വെല്‍ബീയിങ് ആന്റ് ലൈഫ് സ്റ്റൈല്‍ ട്രാന്‍സ്ഫർമേഷന്‍: എമേര്‍ജിങ് ട്രെൻഡ്സ്, പ്രോസ്‌പെക്ടസ് ആന്റ് ചാലഞ്ചസ്’ എന്ന വിഷയത്തിൽ ദേശീയ യുവജനസെമിനാർ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി വിവിധ പദ്ധതികളും ലഹരിവിരുദ്ധ കാമ്പയിനുകളും നടപ്പിലാക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു. സൗജന്യ നിയമസഹായത്തിനായി 1800 123 5310 എന്ന ടോൾഫ്രീ നമ്പർ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

അദാലത്തിൽ പരിഗണിച്ച 18 പരാതികളിൽ പരിഗണിച്ചതിൽ എട്ടെണ്ണം പരിഹരിക്കുകയും 10 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെക്കുകയും ചെയ്തു. കൂടാതെ പുതിയതായി നാല് പരാതികളും ലഭിച്ചു. എപിജെ അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാത്തത്, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, തൊഴിലിടങ്ങളിലെ മാനസിക പീഡനം, സ്വകാര്യ കോളേജുകളിൽ നിന്ന് എൻ.ഒ.സി. ലഭിക്കാത്തത്, തൊഴിൽ–സൈബർ തട്ടിപ്പുകൾ, പി.എസ്.സി. സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്.

കമ്മീഷൻ സെക്രട്ടറി ദീപാ സുരേന്ദ്രൻ, ലീഗൽ അഡ്വൈസർ പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ അദാലത്തിൽ പങ്കെടുത്തു.