‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. എന്റർടെയ്‌നർ ചിത്രങ്ങളിലൂടെ തിയേറ്ററുകളിൽ വലിയ ക്രൗഡ് പുള്ളിംഗ് കപ്പാസിറ്റിയുള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളിക്ക് ബോക്സ് ഓഫീസിൽ ശക്തമായ തിരിച്ചുവരവാണ് സർവ്വം മായ സമ്മാനിക്കുന്നത്.
മോഹൻലാൽ കഴിഞ്ഞാൽ ഹാസ്യ രംഗങ്ങൾ കൈയടക്കത്തോടെ ചെയ്യാൻ കഴിവുള്ള താരം നിവിൻ പോളിയാനെന്നാണ് സംവിധായകൻ അഖിൽ സത്യൻ അഭിപ്രായപ്പെട്ടത്. ക്ലബ്ബ് എഫ്എമ്മിനോട് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പങ്കുവച്ചത്. “കുട്ടിത്തമാണ് നിവിന്റെ പ്രത്യേകത, ലാൽ സാർ കഴിഞ്ഞാൽ ഞാനത് കണ്ടത് നിവിനിൽ മാത്രമാണ്”. മോഹൻലാൽ കഴിഞ്ഞാൽ അങ്ങനെ ഹ്യൂമർ ചെയ്യാൻ നിവിൻ മാത്രമേയുള്ളൂ. സർവ്വം മായയിൽ ഞാൻ എഴുതിവെച്ചതിൽ നിന്നും ഒരു പടി മുകളിലായിരുന്നു നിവിൻ ചെയ്തുവെച്ചിരിക്കുന്നത്. അതിനു നിവിൻ അനുവാദം ചോദിച്ചിരുന്നു. ആദ്യ ഷോട്ടിൽ തന്നെ ഞാൻ അറിയാത്ത പ്രഭേന്ദുവിനെയാണ് നിവിൻ തന്നത്. ചിത്രത്തിലുടനീളം അത് നിവിൻ കൊണ്ടുപോയി അഖിൽ പറഞ്ഞു.
ആദ്യമായി എന്നെ സിനിമ ചെയ്യാൻ വിളിക്കുന്ന താരം നിവിനാണെന്നും, ആ കോളിൽ നിന്നാണ് പാച്ചുവും അത്ഭുതവിളക്കും കഥ ഉണ്ടാവുന്നത്. അത് എഴുതി പൂർത്തിയാക്കിയത് നിവിനായാണ്. അവസാനനിമിഷമാണ് നായകൻ ഫഹദ് ആയി മാറിയത് അഖിൽ സത്യൻ കൂട്ടിച്ചേർത്തു.
