e1e6fc485513650cc8870d250e24ee245ca3d163dafe1faefd206ffef28203d7.0

രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്ത നിരക്ക് വർധനവിനായി ഒരുങ്ങുന്നതായി റിപ്പോർട്ട്. വരും മാസങ്ങളിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) എന്നീ പ്രമുഖ കമ്പനികൾ റീചാർജ് പ്ലാനുകൾക്ക് 10 ശതമാനം വരെ താരിഫ് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2024-ൽ ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായ നിരക്ക് വർധനവിന് ശേഷം കമ്പനികൾ വരുത്തുന്ന ആദ്യത്തെ വർധനവിനാണ് സൂചന ലഭിക്കുന്നത്. എന്നാൽ, ഉടനടിയുള്ള താരിഫ് വർധനവുണ്ടാകുമെന്ന റിപ്പോർട്ടുകളോട് ഒരു ടെലികോം കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എൻട്രി-ലെവൽ പ്ലാനുകളിൽ മാറ്റം

നിരക്ക് വർധനവിനു മുന്നോടിയായി കമ്പനികൾ തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും അവരുടെ എൻട്രി-ലെവൽ 1 ജിബി പ്രതിദിന പ്രീപെയ്ഡ് പ്ലാനുകൾ അടുത്തിടെ പിൻവലിച്ചു. ഇത് ഉപഭോക്താക്കളെ ഉയർന്ന നിരക്കിലുള്ള ഡാറ്റാ പ്ലാനുകൾ (ദിവസം 1.5 ജിബി ഡാറ്റ പോലുള്ളവ) തിരഞ്ഞെടുക്കാൻ നിർബന്ധിക്കുന്നു. മുമ്പുണ്ടായിരുന്ന 249 രൂപയുടെ ഡാറ്റാ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പുതിയ റീചാർജുകളുടെ തുടക്കം 299 രൂപ മുതലാണ്. നിലവിൽ 1 ജിബി ഡാറ്റ ദിനേനയുള്ള പ്ലാൻ നൽകുന്ന ഏക സ്വകാര്യ ഓപ്പറേറ്റർ വോഡഫോൺ ഐഡിയ (വി) മാത്രമാണ്.

വർധനവിൻ്റെ കാരണം

5ജി ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുള്ളതിനാൽ ഭാരതി എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും (വി) താരിഫ് പുതുക്കൽ അനിവാര്യമാണെന്ന നിലപാടാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉടനടിയുള്ള വർധനവിനു പകരം, കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ഒഴിവാക്കുന്നതിലൂടെ മൊത്തത്തിലുള്ള ആവറേജ് റെവന്യൂ പെർ യൂസർ (ARPU) വർദ്ധിപ്പിക്കാനാണ് ടെലികോം കമ്പനികൾ ശ്രമിക്കുന്നത്.

അതേസമയം, പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) താരിഫ് വർധനവിന് തയ്യാറാകുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നിരക്കുകൾ വർദ്ധിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ നിലവിലെ നിരക്കുകളിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *