Home » Blog » Kerala » മൈസൂരിൽ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം, 4 മലയാളികൾ മരിച്ചു
2

കോഴിക്കോട്: ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ചന്നപട്ടണ പുട്ടപ്പനതൊടിയിൽ നിരത്തുവക്കിലെ റെയ്‌ലിങ്ങിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ നാലു മലയാളികൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് പുലർച്ചെ 4.10 ന് എക്സ്പ്രസ് ഹൈവേയിൽ അപകടത്തില്‍പ്പെട്ടത്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), ബെംഗളൂരുവിൽ താമസിക്കുന്ന റഫീസ് (45), റഷീദ് (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ചന്നപട്ടണ പബ്ലിക് ആശുപത്രിയിലേക്ക് മാറ്റി.

ഉഗാദി, ചെറിയ പെരുന്നാൾ അവധിക്ക് ശേഷം ബെംഗളൂരുവിലേക്ക് പോയവരായിരുന്നു ബസിൽ അധികവും. 36 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. നിരവധി യാത്രക്കാർക്കു പരുക്കേറ്റു. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. ഇവരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയയ്ക്കുമെന്നാണ് വിവരം. മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് റോഡരികിലെ റെയ്‌ലിങ്ങിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചന്നപട്ടണ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.