Home » Blog » Kerala » മുഖ്യമന്ത്രി ചർച്ച; അടിയന്തര യോഗം വിളിച്ച് ലീഗ്
16

മലപ്പുറം: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് മുസ്‌ലിം ലീഗ്. നാളെ രാവിലെ പത്ത് പണിക്ക് പാണക്കാട്ടാണ് യോഗം. നേതൃയോഗത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയുമായി നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യം ലീഗ് ചര്‍ച്ച ചെയ്‌തേക്കും.

102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതിനൊപ്പം മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ലീഗിന്റെ അഭിപ്രായം തേടാത്തതിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്.

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തത് മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങുന്ന സാഹചര്യമാണ്. മന്ത്രിയില്ലാതെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം പോലും നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യമെല്ലാം ലീഗ് യോഗത്തില്‍ ചര്‍ച്ചയാകും.

മുഖ്യമന്ത്രി ആരാണെന്നതില്‍ ലീഗില്‍ അഭിപ്രായം തേടിയില്ലെങ്കിലും തീരുമാനമെടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുന്നതിന് മുമ്പ് ലീഗ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടകകക്ഷികള്‍ക്ക് പങ്കില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാട് ഉള്‍പ്പടെ നാളത്തെ ലീഗ് യോഗത്തില്‍ ചര്‍ച്ചയായേക്കും.