കണ്ണൂർ: ‘സ്വർണക്കള്ളൻ’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത പത്തൊൻപതുകാരനെതിരെ കേസ്. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. ടി. സുധീർ നൽകിയ പരാതിയിലാണ് കേസ്. പ്രിയദർശിനി ഓലയിക്കര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്വർണക്കള്ളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയും പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും മാനസിക വിഷമം ഉണ്ടാക്കുകയും പ്രകോപനപരമായി പോസ്റ്റ് ഇടുക വഴി സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം, പ്രകോപനപരമായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലും കേസെടുത്തു. റെഡ് ആർമി ഓലയിക്കര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ‘റേഷനരി കട്ട കള്ളനും വയനാട് ഫണ്ട് മുക്കിയവർക്കും ഇവിടെ വോട്ടില്ല; ശവം തൂക്കികളെ’ എന്ന അടിക്കുറിപ്പോടു കൂടിയ ഫ്ലക്സ് ബോർഡ് ഒരു കുട്ടി കയ്യിൽ പിടിച്ച് ധർമടം യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത് യുഡിഎഫ് സ്ഥാനാർഥിക്കും കോൺഗ്രസ് പാർട്ടിക്കും അപകീർത്തിയുണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പത്തൊൻപതുകാരനായ പാച്ചപ്പൊയ്ക സ്വദേശി എ.ടി. യദുനന്ദിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
