Home » Blog » Kerala » മുഖം മറച്ചെത്തുന്നവർക്ക് ഇനി സ്വർണാഭരണങ്ങൾ നൽകില്ല: ബിഹാറിലെ വ്യാപാരി സംഘടനകൾ
hijab-680x450

മുഖം മറച്ചെത്തുന്നവർക്ക് ഇനി സ്വർണാഭരണങ്ങൾ നൽകില്ലെന്ന് ബിഹാറിലെ വ്യാപാരി സംഘടനകൾ. സംസ്ഥാനത്തെ ജ്വല്ലറികളിൽ മോഷണവും കവർച്ചയും വ്യാപകമാകുന്ന സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്ന് ‘ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് സ്മിത്ത് ഫെഡറേഷൻ’ ബിഹാർ ഘടകം അറിയിച്ചു.

ഹിജാബ് ധരിച്ചെത്തുന്ന സ്ത്രീകൾക്കും മറ്റ് മാർഗ്ഗങ്ങളിലൂടെ മുഖം മറച്ചെത്തുന്നവർക്കും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് എ.ഐ.ജെ.ജി.എഫ് ബിഹാർ പ്രസിഡന്റ് അശോക് കുമാർ വർമ്മ വ്യക്തമാക്കി. ജ്വല്ലറി ഉടമകളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘങ്ങൾ ജ്വല്ലറികൾ കൊള്ളയടിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരം ഒരു മുൻകരുതൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘മുഖം മറച്ച് ഉപഭോക്താക്കൾ അകത്തു പ്രവേശിച്ചാൽ ഞങ്ങൾക്ക് അവരെ തിരിച്ചറിയാൻ കഴിയില്ല. മോഷണം നടന്നാൽ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാൻ പൊലീസിനെ സഹായിക്കാനും ഈ തീരുമാനം ഉപകരിക്കും,’ വർമ്മ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ ഭോജ്പൂർ ജില്ലയിൽ മുഖം മൂടി ധരിച്ചെത്തിയ ക്രിമിനലുകൾ 25 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നിരുന്നു. നവംബറിൽ സിവാൻ ജില്ലയിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു.