ഡിജിറ്റൽ സഹായികളായ ചാറ്റ്ബോട്ടുകളോട് നമ്മൾ എത്രത്തോളം വിനയത്തോടെ സംസാരിക്കുന്നുവോ അത്രയും മികച്ച ഉത്തരങ്ങൾ ലഭിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഈ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ പുതിയ പഠനവുമായി രംഗത്തെത്തി. എഐയോട് മാന്യമായി സംസാരിക്കുന്നതിനേക്കാൾ, പരുഷമായോ അധിക്ഷേപകരമായോ സംസാരിക്കുമ്പോഴാണ് കൂടുതൽ കൃത്യതയുള്ള ഉത്തരങ്ങൾ ലഭിക്കുന്നതെന്നാണ് കണ്ടെത്തൽ.
ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയ 4 O മോഡൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം. 50 വ്യത്യസ്ത ചോദ്യങ്ങൾ അഞ്ച് വിധത്തിലുള്ള ശൈലികളിൽ ചോദിച്ചു. വളരെ മാന്യമായ ചോദ്യങ്ങൾ മുതൽ അപമാനകരമായ ചോദ്യങ്ങൾ വരെ ഇതിലുണ്ടായിരുന്നു.
മാന്യമായ രീതി: “ദയവായി ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ച് ഒരു ഉത്തരം നൽകുക.”
പരുഷമായ രീതി: “ഹേയ്, നിങ്ങൾക്ക് ഇത് പോലും അറിയില്ലേ? അത് പരിഹരിക്കൂ”
പഠനത്തിന്റെ ഫലം ഗവേഷകരെപ്പോലും അമ്പരപ്പിച്ചു. വളരെ മാന്യമായി ചോദിച്ച ചോദ്യങ്ങൾക്ക് 80.8% കൃത്യത ലഭിച്ചപ്പോൾ, പരുഷമായി ചോദിച്ചവയ്ക്ക് അത് 84.8% ആയി ഉയർന്നു. എന്നാൽ ഏറ്റവും വിനീതമായ ഭാഷ ഉപയോഗിച്ചപ്പോൾ കൃത്യത 75.8% ആയി കുറഞ്ഞതായും കണ്ടു. പെൻസിൽവാനിയയിലെ പഠനം പുതിയൊരു കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും, മുൻപ് ജപ്പാനിലെ വാസെഡ സർവകലാശാലയും ഗൂഗിൾ ഡീപ്പ് മൈൻഡും നടത്തിയ പഠനങ്ങൾ ഇതിന് വിരുദ്ധമായിരുന്നു. പോസിറ്റീവായ ഭാഷ ഗണിതശാസ്ത്രപരമായ ചോദ്യങ്ങളിൽ എഐയെ സഹായിക്കുന്നു എന്നായിരുന്നു ഗൂഗിളിന്റെ കണ്ടെത്തൽ.
പരുക്കൻ ഭാഷയിൽ എഐ നന്നായി പ്രതികരിച്ചേക്കാം. യന്ത്രങ്ങളോടുള്ള നമ്മുടെ പെരുമാറ്റം സമൂഹത്തിലെ പൊതുവായ ആശയവിനിമയ രീതിയെ ദോഷകരമായി ബാധിക്കരുത്. യന്ത്രങ്ങൾ കമാൻഡുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നവയാണെങ്കിലും മനുഷ്യന്റെ അന്തസ്സും വിനയവും കാത്തുസൂക്ഷിക്കണമെന്നും അവർ വ്യക്തമാക്കുന്നു.
