തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിനുശേഷം പിണറായി വിജയൻ തിരുവനന്തപുരത്തേക്ക്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല.
ഔദ്യോഗിക വാഹനവും അകമ്പടിയും പിണറായി വിജയൻ ഉപേക്ഷിച്ചു. കണ്ണൂരിൽ നിന്ന് വരുന്ന പിണറായിക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത് പാർട്ടി വാഹനമാണ്. എകെജി സെെന്ററിൽ നിന്നാണ് വാഹനം എത്തിയത്. ഈ വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോകുന്നത്.
അതേസമയം, പാർട്ടിയുടെ പരാജയത്തിൽ പിണറായിയുടെ പ്രതികരണം ഇന്നും ഉണ്ടായേക്കില്ലെന്നാണ് സൂചന. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതൻ വഴിയാണ് രാജ്ഭവനിൽ എത്തിച്ചത്. ഗവർണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പിണറായി കാവൽ മുഖ്യമന്ത്രിയായി തുടരും.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ? എന്നാണ് നിലവിലെ ചോദ്യം. എന്നാൽ അതുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ.എൻ. ബാലഗോപാലായിരിക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരും പരിഗണനയിലുണ്ട്.
