രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. പീഡനത്തിന് ഇരയായ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നൽകിയെന്നതാണ് ജോബി ജോസഫിനെതിരെയുള്ള കുറ്റം. എന്നാൽ, യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നും അത് എന്തിനുള്ളതാണെന്ന് തനിക്ക് അറിവില്ലെന്നുമാണ് ഇയാൾ കോടതിയിൽ വാദിക്കുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ തേടിയ ആശുപത്രി രേഖകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ ഹർജിയിൽ ഇന്ന് തീരുമാനം എടുക്കുക.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ശ്രമം തുടരുകയാണ്. നേരത്തെ സെഷൻസ് കോടതി ഇദ്ദേഹത്തിന്റെ ഹർജി തള്ളിയിരുന്നു. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
