Home » Blog » Maha Sivarathri 2026 » മഹാശിവരാത്രി – ആചാരങ്ങളും പാരമ്പര്യങ്ങളും
1

ലോകമെമ്പാടുമുള്ള ഹൈന്ദവർ കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ത്രിമൂർത്തികളിൽ ഒരാളായ പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വ്രതവും ആഘോഷവുമാണ് ശിവരാത്രി. എല്ലാ ശിവ ക്ഷേത്രങ്ങളിലും ഈ ദിവസം വളരെ പ്രധാനമായിരിക്കും. പിതൃകൾക്ക് വേണ്ടി ബലി ഇടാനും ഈ ദിവസം വളരെ പ്രധാനമാണ്.

ശിവരാത്രി എന്നാൽ ‘മംഗളരാത്രി’ എന്നാണ് അർത്ഥം. ശിവരാത്രി വ്രതം പ്രധാനമാണ്. പലരും അന്നേദിവസം ശിവ ക്ഷേത്ര ദർശനം നടത്തുന്നു. മഹാശിവരാത്രി ദിവസം നടത്തുന്ന ആരാധനയുടെ ഫലം ഒരു വർഷം നീണ്ടു നിൽക്കുന്നു എന്നാണ് വിശ്വാസം. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളച്ചു പ്രാർഥിക്കുന്നതും, പഞ്ചാക്ഷരി മന്ത്രമായ “ഓം നമഃ ശിവായ”, ശിവ സഹസ്രനാമം തുടങ്ങിയവ ജപിക്കുന്നതും, ശിവപൂജ ചെയ്യുന്നതുമൊക്കെ ഈ ദിവസത്തെ പ്രധാന ആചാരങ്ങളാണ്.

പ്രധാന ആചാരങ്ങളും പാരമ്പര്യങ്ങളും:

വ്രതാനുഷ്ഠാനം: ഭക്തർ ശിവരാത്രി ദിനത്തിൽ പൂർണ്ണമായോ ഭാഗികമായോ ഉപവാസം അനുഷ്ഠിക്കുന്നു. ചിലർ പഴങ്ങളും പാലും മാത്രം കഴിക്കുന്നു. മറ്റ് ചിലർ ജലപാനം പോലും നടത്താറില്ല.

ജാഗരണം (രാത്രി ഉറക്കമിളയ്ക്കൽ): ശിവരാത്രിയുടെ പ്രധാന പ്രത്യേകത രാത്രി മുഴുവൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുന്നതാണ്. ഇത് അജ്ഞതയെ അകറ്റി ആത്മീയ ജ്ഞാനം നേടാൻ സഹായിക്കുന്നു.

ശിവലിംഗാഭിഷേകം: ക്ഷേത്രങ്ങളിലും വീടുകളിലും ശിവലിംഗത്തിൽ പഞ്ചാമൃതം (പാല്, തൈര്, തേൻ, നെയ്യ്, വെള്ളം എന്നിവ ) അഭിഷേകം നടത്തുന്നു.

ബില്വപത്രം (കൂവളത്തില) സമർപ്പണം: ശിവന് ഏറ്റവും പ്രിയപ്പെട്ട ബില്വപത്രങ്ങൾ കൊണ്ട് പൂജിക്കുന്നത് പുണ്യകരമായി കരുതുന്നു.

നാല് യാമ പൂജ: ശിവരാത്രി രാത്രിയിൽ നാല് ഘട്ടങ്ങളായി തിരിച്ച് പ്രത്യേക പൂജകൾ നടത്തുന്നു.

ബലിതർപ്പണം: കേരളത്തിലെ ആലുവാ മണപ്പുറം പോലുള്ള പല ശിവക്ഷേത്രങ്ങളിലും ശിവരാത്രി ദിനത്തിൽ പിതൃക്കൾക്കായി ബലിതർപ്പണം നടത്തി വരുന്നു.

ക്ഷേത്ര ദർശനം: ഭക്തർ പുലർച്ചെ തന്നെ കുളിച്ച് ശുദ്ധമായി ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പ്രാർത്ഥനകളിൽ പങ്കുചേരുകയും ചെയ്യുന്നു.

ശിവരാത്രി വ്രതം എടുത്തു ശിവാരാധന നടത്തുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണെന്നാണ് വിശ്വാസം. ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണെന്നും വിശ്വാസമുണ്ട്.