Home » Blog » Kerala » ‘മലബാർ മിസ്റ്ററി’: സർക്കാർ മദ്യത്തിനു പേരായി, ലോഞ്ചിങ് 21-ന്
18

തിരുവനന്തപുരം: വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ സംസ്ഥാന സർക്കാർ നേരിട്ട് വിപണിയിലെത്തിക്കുന്ന പുതിയ ബ്രാൻഡിക്ക് പേരിട്ടു. ‘മലബാർ മിസ്റ്ററി’ എന്നാണ് പുതിയ മദ്യത്തിന് നൽകിയിരിക്കുന്ന പേര്. ഇത് ചുരുക്കപ്പേരായ ‘എം.എം’ എന്ന പേരിലാകും അറിയപ്പെടുക. പ്രശസ്തമായ ‘ജവാൻ’ റമ്മിന് ശേഷം സർക്കാർ പുറത്തിറക്കുന്ന പ്രധാന മദ്യ ബ്രാൻഡാണിത്.

പാലക്കാട് ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 21-ന് നടക്കും. ചടങ്ങിൽ വെച്ച് ബ്രാൻഡിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിക്കാനാണ് തീരുമാനം. അര ലിറ്റർ ബ്രാൻഡിക്ക് ഏകദേശം 400 രൂപയോളമാണ് വില നിശ്ചയിച്ചിട്ടുള്ളത്.

നേരത്തെ ഈ ബ്രാൻഡിക്ക് പേര് നിർദേശിക്കാൻ ബെവ്‌കോ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ഏകദേശം നാൽപ്പതിനായിരത്തോളം നിർദേശങ്ങളാണ് ലഭിച്ചത്. എന്നാൽ, സർക്കാർ സ്ഥാപനം തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ ഹൈക്കോടതിയെ സമീപിച്ചതോടെ ഈ നടപടി തടഞ്ഞു. കോടതി നടപടികൾക്കിടെ ജനങ്ങൾ നിർദേശിച്ച പേര് നൽകാൻ കഴിയാതെ വന്നതോടെയാണ് വകുപ്പ് തന്നെ ‘മലബാർ മിസ്റ്ററി’ എന്ന പേര് തിരഞ്ഞെടുത്തത്.