കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. സഹായത്തിനായി പോലീസിനെ വിളിച്ചുവെന്നും, സംഭവസ്ഥലത്ത് എത്തിയ പോലീസ് കാര്യത്തിൽ ഇടപെടാതെ പിൻവാങ്ങിയെന്നുമാണ് ഭാര്യ ആരോപിക്കുന്നത്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. ഇതു കണ്ടയുടൻ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോൾ സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചതെന്നാണ് റിപ്പോർട്ട്.
തുടർന്നു തിരുവനന്തപുരത്തെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ കൈകാര്യം ചെയ്യുന്ന 112 നമ്പറിൽ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും കാര്യത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പോലീസിനെ അറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പോലീസ് സംഭവത്തിൽ ഇടപെടാതെ മുങ്ങുകയായിരുന്നു.
ഇതിനിടെ, വീട്ടിൽ തിരിച്ചുകയറിയ ഇവർ വീണ്ടും ഫോട്ടോകൾ എടുത്തു. ഇതോടെ ഭാര്യയിൽനിന്ന് മൊബൈൽ കൈക്കലാക്കാൻ സഹായികളായ പ്രദീപിനും ശാന്തനും നിർദേശം നൽകുകയാണ് മന്ത്രി ചെയ്തതെന്നാണ് ആരോപണം. ഇതനുസരിച്ച് വാതിൽ കുറ്റിയിട്ട് സഹായികൾ ഇവരിൽനിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും അവർ വിട്ടുകൊടുത്തില്ല. ഈ സമയത്തൊക്കെ അവർ പോലീസിന്റെ സഹായത്തിനായി ഉച്ചത്തിൽ കരഞ്ഞ് അപേക്ഷിച്ചുകൊണ്ടിരുന്നു. പിടിവലികൾക്കിടിയിൽ അപ്രതീക്ഷിതമായി വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ താൻ വന്ന ടാക്സി കാറിൽ തിരിച്ചുപോവുകയായിരുന്നു.
അതേസമയം, മുൻ ഡിജിപി ആർ. ശ്രീലേഖയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചതായും കാര്യങ്ങൾ കേട്ടപ്പോൾ ഉടൻത്തന്നെ 112 നമ്പറിൽ വിളിക്കാനാണ് താൻ പറഞ്ഞത്. അത് ഒരു കൗൺസിലർ എന്ന നിലയ്ക്കോ ബിജെപി നേതാവ് എന്ന നിലയ്ക്കോ അല്ല, ഭർത്താവിന്റെ സഹോദരി എന്ന നിലയ്ക്കാണെന്നും ശ്രീലേഖ വ്യക്തമാക്കി.
