മദ്യവിൽപനയിൽ ഇടിവുണ്ടായതിനെത്തുടർന്ന് കണ്ണൂർ പാറക്കണ്ടി ബെവ്കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇൻചാർജിന് ജനറൽ മാനേജർ കുറ്റാരോപണ മെമ്മോ നൽകി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 10.16 ശതമാനം കുറവുണ്ടായെന്ന കോഴിക്കോട് ജില്ലാ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, ഔട്ട്ലെറ്റിൽ സിസിടിവി സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വിൽപന കുറഞ്ഞതിന്റെ പേരിൽ ഷോപ്പ് ഇൻചാർജിന് മെമ്മോ നൽകിയ ബെവ്കോയുടെ നടപടിക്കെതിരെ ബി.എം.എസ് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പരാതി നൽകി. മദ്യപാനത്തിനെതിരെ സർക്കാർ നടപ്പിലാക്കുന്ന ‘വിമുക്തി’ പോലുള്ള പദ്ധതികളുടെ ലക്ഷ്യത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് ബി.എം.എസ് ആരോപിച്ചു. ഉദ്യോഗസ്ഥരെ മദ്യവിൽപന കൂട്ടാൻ നിർബന്ധിക്കുന്ന നടപടി പിൻവലിക്കണമെന്നും മെമ്മോ നൽകിയ അധികൃതർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
