മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ ‘കാന്താര’ സിനിമയുമായി ബന്ധപ്പെട്ട പ്രകടനത്തിനിടെ ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്നാണ് താരത്തിനെതിരെയുള്ള ആരോപണം.
കഴിഞ്ഞ നവംബർ 28-ന് നടന്ന ചലച്ചിത്ര മേളയിൽ, ‘കാന്താര’യിലെ നായകൻ ഋഷഭ് ഷെട്ടിയെ സാക്ഷിയാക്കി രൺവീർ നടത്തിയ പ്രകടനമാണ് വിവാദമായത്. വേദിയിൽ വച്ച് പഞ്ചുരുളി/ഗുളിക ദൈവങ്ങളെ പരിഹാസ്യമായ രീതിയിൽ അവതരിപ്പിച്ചെന്നും ചാമുണ്ഡി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ അത് തുടർന്നുവെന്നാണ് ആരോപണം.
ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ സ്വകാര്യ അന്യായത്തെത്തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം ബെംഗളൂരു ഹൈ ഗ്രൗണ്ട്‌സ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തീരദേശ കർണാടകയിലെ പരമ്പരാഗത ആചാരങ്ങളെയും വിശ്വാസങ്ങളെയും രൺവീർ ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ 196, 299 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഏപ്രിൽ എട്ടിന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും
