Home » Blog » Top News » മകരവിളക്ക് മഹോത്സവം: പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു
FB_IMG_1767102900232

ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എം കൃഷ്ണന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയാണ് എം കൃഷ്ണൻ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കി അവരെ സംതൃപ്തിയോടെ സന്നിധാനത്ത് നിന്ന് തിരികെ അയക്കുക എന്നതാണ് ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്നും ഡ്യൂട്ടി ഓഫീസർ പുതിയ ബാച്ചിനെ ഓർമപ്പെടുത്തി.

സന്നിധാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെപ്പറ്റിയും ഓരോയിടത്തും അയ്യപ്പന്മാർക്ക് ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെക്കുറിച്ചും ഓരോ പോലീസുകാരനും അറിവുണ്ടാകണം. അവരുടെ സംശയങ്ങൾ ക്ഷമയോടെ കേൾക്കാനും വ്യക്തമായ മറുപടി നൽകാനും കഴിയണമെന്ന് ഡ്യൂട്ടി ഓഫീസർ പറഞ്ഞു. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകൾ. ഒരു മിനുറ്റിൽ 70 അയ്യപ്പന്മാരെ പതിനെട്ടാം പടി കടത്തി വിടണം. നടപന്തലിൽ ഭക്തരുടെ നിര ചലിപ്പിക്കാൻ വിവിധ ഡ്യൂട്ടി പോയിന്റുകൾ തമ്മിലുള്ള ഏകോപനം ചുമതലയുള്ള ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഭക്തരെ ഒരു കേന്ദ്രത്തിലും തങ്ങിനിൽക്കാൻ അനുവദിക്കരുത്. പാണ്ടിത്താവളത്ത് ആനയിറങ്ങുന്ന പ്രദേശമായതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടണം. ക്യൂ കോംപ്ലക്സിൽ ശൗചാലയ കേന്ദ്രങ്ങളിൽ കൃത്യമായ ദിശാസൂചിക ബോർഡുകൾ സ്ഥാപിച്ചുവെന്നു ഉറപ്പാക്കണമെന്നും ഡ്യൂട്ടി ഓഫീസർ കൂട്ടിച്ചേർത്തു.

10 ഡി വൈ എസ് പിമാരും, 35 സി ഐമാരും, സിപിഒ, എസ്ഐ, എഎസ്ഐ, എസ് സി പി ഓ എന്നിവരുൾപ്പെടെ 1593 പേരാണ് പുതിയ ബാച്ചിലുള്ളത്.