Home » Blog » Kerala » ഭീതിജനകം: ബംഗ്ലാദേശിലെ യുവാവിനെ തീ കൊളുത്തിക്കൊന്ന സംഭവത്തിൽ പ്രതികരിച്ച് ജാൻവി
Screenshot_20251226_134550

ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന യുവാവിനെ മരത്തിൽ കെട്ടി ജീവനോടെ കത്തിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ നടി ജാൻവി കപൂർ പ്രതികരിച്ചു. ഹൃദയഭേദകമായ ഈ സംഭവം തങ്ങളെ നടുക്കുന്നുവെന്ന് പറഞ്ഞ ജാൻവി, ആക്രമണത്തെ ക്രൂരവും പ്രാകൃതവും എന്നു വിശേഷിപ്പിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ വിമർശനം പുറത്തുവന്നത്.

“ബംഗ്ലാദേശിൽ നടക്കുന്ന സംഭവങ്ങൾ ഭീതിജനകമാണ്. ഇത് ലളിതമായി എടുത്തുകൂടാത്ത ക്രൂരതയാണ്. ഇത് ഒറ്റപ്പെട്ടൊരു സംഭവം മാത്രമല്ല. ഇതിനെക്കുറിച്ച് അറിയാത്തവർ വായിക്കുക, വീഡിയോകൾ കാണുക, ചോദ്യങ്ങൾ ചോദിക്കുക. ഇതെല്ലാം കണ്ടിട്ടും കോപമില്ലെങ്കിൽ, നമ്മളിൽ വളരുന്ന കപടതയാണ് നമ്മെ തന്നെ നശിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റെവിടെയോ സംഭവിക്കുന്ന കാര്യങ്ങൾക്ക് കണ്ണുനനയിക്കുന്ന നമ്മൾ, സ്വന്തം സഹജീവികളെ ജീവനോടെ കത്തിക്കുന്നതിനെ നോക്കിക്കാണുന്നവരാകരുത്. മനുഷ്യത്വത്തിനെ മറക്കാതെ എല്ലാ തീവ്രവാദത്തെയും വെല്ലുവിളിക്കണം, അപലപിക്കണം”, ജാൻവിയുടെ കുറിപ്പിൽ പറയുന്നു.

ജാൻവിയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയാണ്. റെഡ്ഡിറ്റ് തുടങ്ങി പല പ്ലാറ്റ്ഫോമുകളിലും നടിയുടെ സ്റ്റോറി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിരിക്കുകയാണ്. തുറന്നുപറഞ്ഞതിനുള്ള ധൈര്യത്തെയും സാമൂഹിക വിഷയങ്ങളിൽ കാണിക്കുന്ന ബോധവുമാണ് പലരും അഭിനന്ദിക്കുന്നത്. ബോളിവുഡിലെ മറ്റ് താരങ്ങൾ മൗനം പാലിക്കുമ്പോൾ ജാൻവിയുടെ ശബ്ദം ശ്രദ്ധേയമാണെന്നാണ് നിരവധി പ്രതികരണങ്ങൾ.

ദീപു ചന്ദ്രദാസ് ഒരു പ്രാദേശിക വസ്ത്ര നിർമ്മാണശാലയിൽ ജോലി ചെയ്യുകയായിരുന്നെന്നും വാടകവീട്ടിൽ താമസിയായിരുന്നു എന്നും അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 9 മണിയോടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ ദീപുവിനെ പിടികൂടി മർദ്ദിക്കുകയും പിന്നീട് മരത്തിൽ കെട്ടി കത്തിക്കുകയും ചെയ്തു എന്നാണ് ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി വിവരം.