Home » Blog » Kerala » ഭരണം നഷ്ടമാകും മുമ്പ് പേഴ്സണൽ സ്റ്റാഫിനെ ഡയക്ടറായി നിയമിക്കാൻ ശ്രമം; 73,000 രൂപയ്‌ക്ക് ഐഫോൺ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ വ്യാപക സാമ്പത്തിക ക്രമക്കേട്; ധനമന്ത്രിയുടെ തട്ടിപ്പ് പുറത്ത് വിട്ട് ഓഡിറ്റർ റിപ്പോർട്ട്
1

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ചെയർമാനായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷനിൽ വ്യാപക സാമ്പത്തിക തട്ടിപ്പ് നടന്നതായി ഓഡിറ്റർ റിപ്പോർട്ട്. 2016 ജനുവരി മുതൽ 2019 ഡിസംബർ വരെ യുജിസി ഏഴാം ശമ്പള പരിഷ്കരണ സ്കെയിൽ അനുസരിച്ച് 85. 49 ലക്ഷം രൂപ കുടിശ്ശിക അധ്യാപകർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഡിഎ കുടിശ്ശികയുടെ വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകളുണ്ടായാതായി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രസർക്കാർ ഡി എ ഗഡുക്കൾ മരവിപ്പിക്കുന്ന ഘട്ടത്തിലും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎ കുടിശ്ശിക വിതരണം ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.

2019 ജനുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലും 33.62 ലക്ഷം രൂപയുടെ കുടിശ്ശിക ചട്ടവിരുദ്ധമായി വിതരണം ചെയ്തിട്ടുണ്ടന്ന് റിപ്പോർട്ടിൽ പറയുന്നു. 1. 60 കോടി രൂപ സർക്കാർ അനുമതിയില്ലാതെ എൽ ഐ സിയിൽ ജീവനക്കാരുടെ ഗ്രാറ്റിവിറ്റിക്ക് ഡെപ്പോസിറ്റ് ചെയ്തതും ഡയറക്ടറുടെ പേഴ്സണൽ ഐഫോൺ കേടായതുകൊണ്ട് 73,048 രൂപയ്‌ക്ക് പുതിയ ഐഫോൺ വാങ്ങിയതും നിയമവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കുസാറ്റിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനം ആയതുകൊണ്ട് സർവകലാശാല നിയമങ്ങൾ ഗിഫ്റ്റിന് ബാധകമാണ്. എന്നാൽ, സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ധനമന്ത്രിയുടെ സ്റ്റാഫിൽപ്പെട്ട ഒരു ഉദ്യോഗസ്ഥനെ നിശ്ചിത യോഗ്യതകളിൽ ഇളവ് വരുത്തി ഡയറക്ടറായി നിയമിക്കുവാനുള്ള നീക്കങ്ങൾ മന്ത്രി തലത്തിൽ നടക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 10 വർഷത്തെ പ്രവർത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർ മുഖ്യമന്ത്രിക്കും നിവേദനം നൽകി.