പ്രശസ്ത നടൻ ഗോവിന്ദയെ തലചുറ്റലിനെ തുടർന്ന് ബോധരഹിതനായ നിലയിൽ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി സ്വന്തം വസതിയിൽ വെച്ചാണ് നടൻ ബോധരഹിതനായി വീണതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദൽ അറിയിച്ചു. ബോധരഹിതനായ ഉടൻ തന്നെ നടനെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് വിദഗ്ദ്ധോപദേശം തേടി അടിയന്തിരമായി മരുന്ന് നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഗോവിന്ദയെ ആവശ്യമായ പരിശോധനകൾക്ക് വിധേയനാക്കിയിട്ടുണ്ട്. ഈ പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ തുടർചികിത്സ തീരുമാനിക്കുക. അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബറിൽ അദ്ദേഹത്തിന് മറ്റൊരു അപകടം സംഭവിച്ചിരുന്നു. ഉന്നം തെറ്റി വെടിവെച്ചതിനെ തുടർന്ന് ഗോവിന്ദയുടെ കാലിന് വെടിയേൽക്കുകയുണ്ടായി. ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അന്ന് വെടിയുണ്ട കാലിൽ നിന്ന് നീക്കം ചെയ്തത്.
