ആലപ്പുഴ: ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനി യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ, ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
രാവിലെ എസ്എച്ച്ഒ വ്യായാമത്തിനു പോയപ്പോൾ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും അടിയന്തരമായ ഒരാവശ്യമുണ്ടായി, അതിനാൽ അതേ വേഷത്തിൽ അദ്ദേഹം സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി ആ പ്രശ്നം പരിഹരിച്ചയുടൻ അദ്ദേഹം തിരികെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങിയിരുന്നു. പിന്നീട് യൂണിഫോം ധരിച്ചാണ് എസ്എച്ച്ഒ സ്റ്റേഷനിൽ വന്നതെന്നും ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.
