ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം തന്നെ പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യത. നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാന് അനുകൂലമായിട്ടാണുള്ളത്. അതിനാൽ തന്നെ പ്രഥമ പരിഗണനയും ബെന്നി ബഹനാന് തന്നെയാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് പറഞ്ഞ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം വന്നത്. ആൻറോ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വന്നതോടെ ആന്റോയെ വെട്ടിയെന്നതാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാനെ അധ്യക്ഷനാക്കാൻ തീരുമാനിച്ചത്.
അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ? അതോ പകരം പുതിയ അധ്യക്ഷൻ വരുമോ? എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശൻറെ യാത്ര വമ്പിച്ച വിജയമായിരുന്നുവെന്നും കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ ആക്കിയതിന് ഹൈക്കമാൻഡിനോട് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.
