Home » Blog » kerala Max » ബെംഗളൂരു പിജികളില്‍ എല്‍പിജി ക്ഷാമം; വിറകടുപ്പില്‍ പാചകം, മെനു വെട്ടിക്കുറച്ചു
16

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ എല്‍പിജി ക്ഷാമം രൂക്ഷമാകുന്നു. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണശാലകള്‍ അടച്ചു. പേയിങ് ഗസ്റ്റ് (പിജി) താമസക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിലെ വിഭവങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചിട്ടുണ്ട്. എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം കാരണം മെനുകളില്‍ മാറ്റം വരുത്താനും വിഭവങ്ങളുടെ എണ്ണം കുറയ്ക്കാനുമാണ് പിജി ഉടമകള്‍ തീരുമാനിച്ചത്. വിറകടുപ്പ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, റൈസ് കുക്കര്‍ എന്നിവ ഉപയോഗിച്ചാണ് നിലവിലെ പാചകം.

ആയിരക്കണക്കിന് വിദ്യാര്‍ഥികളും ജോലിക്കാരുമാണ് നഗരത്തിലുടനീളമുള്ള പിജികളില്‍ താമസിക്കുന്നത്. വിഭവങ്ങള്‍ വെട്ടിക്കുറച്ചത് അവരില്‍ അതൃപ്തിക്ക് കാരണമായി. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.

പാചക വാതകം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ് നിലവില്‍ മെനുവില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. മൂന്നുനേരവും ഭക്ഷണം നല്‍കുന്നുണ്ട്. നേരത്തെ മൂന്നും നാലും വിഭവങ്ങള്‍ വിളമ്പിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ എന്നതിലേക്ക് ഒതുങ്ങി. അഗ്നിസുരക്ഷാ നിയമങ്ങള്‍ കാരണം 15 ദിവസത്തേക്കോ ഒരുമാസത്തേക്കോ പോലും സിലിണ്ടറുകള്‍ സ്‌റ്റോക്ക് ചെയ്യാന്‍ പറ്റില്ല.