അതിദാരിദ്ര്യം തുടച്ചുമാറ്റിയ കേരള മോഡൽ ബിഹാറിനും മാതൃകയാക്കുമെന്ന് സിപിഐ എം പ്രകടനപത്രിക. ദാരിദ്ര്യത്തെ ഇല്ലായ്‌മ ചെയ്യുന്നതിൽ കേരളം ഇന്ത്യക്ക് മാതൃകയാണ്. ബിഹാറിലും ഈ മാതൃക നടപ്പാക്കി ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് സിപിഐ എം പ്രകടനപത്രികയിൽ പറഞ്ഞു. പട്‌നയിൽ മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് പത്രിക പ്രകാശനംചെയ്‌തു. കേന്ദ്ര കമ്മിറ്റി അംഗം അവധേഷ് കുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായി.
കാർഷിക, അനുബന്ധ മേഖലകളെ ശാക്തീകരിച്ച് തൊഴിലില്ലായ്‌മ പരിഹരിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനം. ദേശീയ, അന്തർദേശീയ തലത്തിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയുണ്ടാക്കിയാൽ തൊഴിലില്ലായ്‌മ വലിയ രീതിയിൽ പരിഹരിക്കാനാകും.
ടെക്സ്റ്റൈൽ മേഖലയ്ക്ക് സാന്‌പത്തികസഹായം നൽകും. ബുദ്ധ, ജൈന പാരന്പര്യത്തിന്റെ കേന്ദ്രങ്ങളും പ്രാചീന സർവകലാശാലകളുമുള്ള ബിഹാറിലെ ടൂറിസം മേഖല കൂടുതൽ വിപുലീകരിക്കും. കരാർത്തൊഴിലാളികളെ സ്ഥിരപ്പെടുത്തും. അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തും. എല്ലാ കാർഷികവിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും വാഗ്‌ദാനം ചെയ്യുന്നു
