Home » Blog » kerala Max » ബിബിപിഎസ് വഴി ബിൽ പേയ്മെന്റും റീചാർജും എളുപ്പമാക്കി കെഫോൺ
18

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (SBI) സഹകരിച്ച് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിൽ  (BBPS) സേവനങ്ങൾ ഏകീകരിച്ച്  കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ). പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു, ഐ.എ.എസ് (റിട്ട.), എസ്‌ബിഐയുടെയും കെഫോണിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബിബിപിഎസ് ഏകീകരണം ഉദ്ഘാടനം ചെയ്തു.

ഈ സഹകരണത്തോടെ ബിബിപിഎസ്  അംഗീകൃത പ്ലാറ്റ്‌ഫോമുകളായ ഗൂഗിൾ പേ, ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് ബിൽ പേയ്മെന്റുകളും റീചാർജുകളും എളുപ്പത്തിൽ നടത്താൻ സാധിക്കും.

ബില്ലിംഗും റീചാർജും എളുപ്പമാക്കുന്നതോടൊപ്പം കൂടുതൽ സുഗമവും സുതാര്യവുമായ പേയ്‌മെന്റ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് കെഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സുഗമമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള കെഫോണിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാക്കി ഉപഭോക്തൃ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഫോൺ ഈ ഏകീകൃത പേയ്മെന്റ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ കെഫോൺ സേവനങ്ങൾ ലഭ്യമാകുന്നതിനാൽ ഇന്റർനെറ്റ് റീചാർജ്, ഒ.ടി.ടി റീചാർജ് തുടങ്ങിയ ഇടപാടുകൾ കൂടുതൽ വേഗത്തിലും ലളിതമായും പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.