കേരളത്തിൽ വമ്പൻ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം. 120 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം കേരളത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. സംസ്ഥാനത്തെ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പേരിലാകും പദ്ധതികൾ നടപ്പാക്കുക.
തൈക്കാട് അയ്യാഗുരുസ്വാമികൾ, മഹാത്മാ അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, കവാരിക്കുളം കണ്ടൻ കുമാരൻ, ശുഭാനന്ദ ഗുരുദേവൻ, കുമാര ഗുരുദേവൻ തുടങ്ങിയ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പേരിലാകും വിവിധ പദ്ധതികൾ നടപ്പാക്കുക. സാമൂഹ്യ നീതി ഉറപ്പാക്കാനും പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിടുന്നതുമാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കം കേന്ദ്രനേതൃത്വവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് പദ്ധതിയെക്കുറിച്ചുള്ള തീരുമാനം അന്തിമമായത്.
