കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്കയിൽ ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) ആയ അനീഷ് ജോർജ്ജ് ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തൊഴിൽ സമ്മർദ്ദമാണ് മരണകാരണം എന്ന് കുടുംബം ആരോപിക്കുമ്പോൾ, ഇതിൻ്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചു. പ്രതിഷേധ സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗൺസിലിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.
രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്തും. അനീഷിൻ്റെ മരണത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
അതേസമയം ആത്മഹത്യ ചെയ്ത അനീഷ് ജോർജ്ജിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഏറ്റുകുടുക്ക ലൂർദ് മാതാ കത്തോലിക്കാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
