ഇന്ത്യൻ സിനിമാ ചരിത്രത്തെ മാറ്റിമറിച്ച സംവിധായകൻ എസ്.എസ് രാജമൗലിയുടെ വിഖ്യാത ചിത്രം ‘ബാഹുബലി’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ‘ബാഹുബലി ദി എപ്പിക്’ എന്ന പേരിൽ, രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിലാണ് റീ-റിലീസ് ചെയ്യുന്നത്.
ഒക്‌ടോബർ 31 നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നത്. സെഞ്ച്വറി ഫിലിംസാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ബാഹുബലിയും പൽവാൽ ദേവനും ഒന്നിച്ചുള്ള ഒരു ഫൺ വീഡിയോ ആണ് ആരാധകരുടെ കണ്ണിൽ ഉടക്കിയത്. ഇതിന് മുൻപും ലൊക്കേഷനിൽ നിന്നുള്ള ചെറിയ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
റീ-റിലീസിനൊരുങ്ങുന്ന ഈ പുതിയ പതിപ്പിൻ്റെ ആകെ ദൈർഘ്യം 3 മണിക്കൂർ 45 മിനിറ്റാണ്, ഇതിൽ ആദ്യ പകുതി ബാഹുബലി ഒന്നാം ഭാഗവും (1 മണിക്കൂർ 42 മിനിറ്റ്), രണ്ടാം പകുതി രണ്ടാം ഭാഗവും (2 മണിക്കൂർ 8 മിനിറ്റ്) ഉൾക്കൊള്ളുന്നു. ഒരു മുഴുവൻ സിനിമയുടെ നീളം രണ്ടാം പകുതിക്കുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഈ റീ-റിലീസിലൂടെയും ചിത്രം ഇന്ത്യയിൽ നിന്ന് 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.
