രാജസ്ഥാനിൽ ബാലവേല നിരോധനം കൂടുതൽ കർശനമാക്കിക്കൊണ്ട് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു. സംസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് പൂർണ്ണമായും നിരോധിച്ചുകൊണ്ടാണ് രാജസ്ഥാൻ സർക്കാർ സുപ്രധാന ഓർഡിനൻസിന് അംഗീകാരം നൽകിയത്.
‘രാജസ്ഥാൻ ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഭേദഗതി ഓർഡിനൻസ് 2025’ പ്രകാരം, 14 വയസ്സിൽ താഴെയുള്ള കുട്ടികളെ വാണിജ്യ സ്ഥാപനങ്ങളിൽ ജോലിക്കായി നിയമിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കും. നേരത്തെ ഈ നിരോധനം 12 മുതൽ 15 വയസ്സ് വരെയുള്ളവർക്കായിരുന്നു. പുതിയ ഭേദഗതിയിലൂടെ ഇത് 14 വയസ്സുവരെയായി ഉയർത്തി. 14 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കൗമാരക്കാരെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്താൻ ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഭജൻലാൽ ശർമയാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്.
