പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആശ്വാസമായി ടാറ്റ മോട്ടോഴ്സിന്റെ പുതിയ ബാറ്ററി സബ്സ്ക്രിപ്ഷൻ പദ്ധതി വരുന്നു. ‘ബാസ്’ എന്ന് അറിയപ്പെടുന്ന ഈ മാതൃകയിലൂടെ ഇലക്ട്രിക് കാറുകളുടെ പ്രാരംഭ വില വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. കാർ വാങ്ങുമ്പോൾ ബാറ്ററിയുടെ മുഴുവൻ തുക നൽകുന്നതിന് പകരം, വാഹനം ഉപയോഗിക്കുന്ന കിലോമീറ്ററിന് അനുസരിച്ച് ബാറ്ററിക്ക് വാടക നൽകുന്ന രീതിയാണിത്. 10 മുതൽ 12 ലക്ഷം രൂപ വരെ വിലയുള്ള വിഭാഗത്തിൽ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ടാറ്റ ഈ വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നത്.
ഈ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് രണ്ട് രീതിയിൽ വാഹനം സ്വന്തമാക്കാം. നിലവിലുള്ളത് പോലെ മുഴുവൻ തുകയും നൽകി കാർ വാങ്ങുകയോ അല്ലെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് കാർ സ്വന്തമാക്കി ഉപയോഗത്തിനനുസരിച്ച് ബാറ്ററിക്ക് പണം നൽകുകയോ ചെയ്യാം. ഉദാഹരണത്തിന്, 9.69 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് ഈ സബ്സ്ക്രിപ്ഷൻ പദ്ധതിയിലൂടെ വെറും 6.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇതിനുശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും ഏകദേശം 2.6 രൂപ വീതം ബാറ്ററി ചാർജായി നൽകിയാൽ മതിയാകും. ഇത് പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ വലിയ ലാഭം ഉപഭോക്താക്കൾക്ക് നൽകും.
നിലവിൽ രാജ്യത്തെ കോംപാക്റ്റ് എസ്യുവി വിപണിയിൽ 10 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം. എന്നാൽ ഇത്തരം ആകർഷകമായ ഓഫറുകളിലൂടെ 2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമായി ഉയരുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ കണക്കുകൂട്ടൽ. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾക്ക് 40 ശതമാനത്തോളം സ്വീകാര്യത ലഭിക്കുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ മോഡലുകളിലേക്ക് ഈ സബ്സ്ക്രിപ്ഷൻ പദ്ധതി വ്യാപിപ്പിക്കാനും പൂർണ്ണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു.
