ഉത്തർപ്രദേശ്: ബഹ്‌റൈച്ചിൽ നിന്ന് ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന 3.44 കിലോഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് (എസ്‌ടിഎഫ്) രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുവുമായി പ്രതി സോനു അഹമ്മദിനെ പിടികൂടിയത്. രാവിലെ 7 മണിയോടെ ലഖ്‌നൗ-നാൻപാറ ബൈപാസിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടുകയായിരുന്നു. അഹമ്മദ് അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്നിനൊപ്പം, രണ്ട് മൊബൈൽ ഫോണുകൾ, പണം, ഇലക്ട്രോണിക് വെയ്സിംഗ് സ്കെയിൽ എന്നിവയും അധികൃതർ പിടിച്ചെടുത്തു. ലഖ്‌നൗവിലെ ബാഡി പക്ദിയയിലെ ഒരു സ്ത്രീയിൽ നിന്നാണ് അഹമ്മദ് മയക്കുമരുന്ന് ശേഖരിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കഴിഞ്ഞ ഒരു വർഷമായി അഹമ്മദ് ബഹ്‌റൈച്ചിലെയും നേപ്പാൾ അതിർത്തി പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തു വരികയാണെന്ന് പ്രതി സമ്മതിച്ചു. ഇതുവരെ 100 കിലോയിലധികം മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് അഹമ്മദ് പൊലീസിനോട് പറഞ്ഞു
