കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഇത്തരമൊരു നീക്കം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും സ്വകാര്യ ബസ് മേഖലയെ കനത്ത പ്രതിസന്ധിയിലാക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആരോപിക്കുന്നു. സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ 70 ശതമാനവും സ്ത്രീകളാണെന്നും അവർ കെഎസ്ആർടിസിയിലേക്ക് മാറിയാൽ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം സർവീസ് നടത്തേണ്ടി വരുമെന്നുമാണ് ഉടമകളുടെ വാദം. ഈ സാഹചര്യത്തിൽ പദ്ധതി പുനഃപരിശോധിക്കണമെന്നും ബസ് ഉടമകളുമായി ചർച്ച നടത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിര ഗ്യാരന്റി’ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ നിലവിൽ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനമാണ് ബസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം (ETM) മെഷീനിൽ രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ഏകദേശം 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതാ യാത്രക്കാരുടെ കൃത്യമായ കണക്കെടുക്കാനാണ് ഈ നീക്കം.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന് കണ്ടെത്താനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്. ഐടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിനായുള്ള സാങ്കേതിക പരിശീലനം കണ്ടക്ടർമാർക്ക് നൽകി വരുന്നുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും ഇത്തരം പദ്ധതികൾ നിലവിലുണ്ടെങ്കിലും കേരളത്തിലെ സ്വകാര്യ ബസ് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്നാണ് ഉടമകളുടെ ആവശ്യം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സർക്കാരും ബസ് ഉടമകളും തമ്മിലുള്ള ചർച്ചകൾക്ക് സാധ്യതയുണ്ട്.
