Home » Blog » Kerala » ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി തിരുവല്ല കോടതി ഇന്ന് പരിഗണിക്കും
Rahul-Mamkootathil-1-680x450

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും

അതേസമയം, രാഹുലിന്റെ അറസ്റ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് സ്ഥാപിക്കാനായിരിക്കും കോടതിയിൽ പ്രതിഭാഗം ശ്രമിക്കുക. ഇതിനിടെ, കേസിൽ പരാതി നൽകിയ യുവതിയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചതിന് രാഹുലിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തു. യുവതിയുടെ സ്വകാര്യ ചാറ്റുകൾ ഉൾപ്പെടെ പരസ്യപ്പെടുത്തി അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ ഇന്നലെയും രാഹുലിന് നേരെ ബിജെപി-യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കനത്ത സുരക്ഷയിലാണ് വൈദ്യപരിശോധന നടത്തിയത്. ആശുപത്രി പരിസരത്ത് പ്രതിഷേധങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും രാഹുൽ ഇന്നും മൗനം തുടരുകയാണ് ചെയ്തത്.