Home » Blog » kerala Max » ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയും പ്രഥമ വനിത ബ്രിജിത്ത് മാക്രോയും ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി
4

മുംബൈ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയും പ്രഥമ വനിത ബ്രിജിത്ത് മാക്രോയും തിങ്കളാഴ്ച രാത്രി മുംബൈയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 17 മുതൽ 19 വരെ മാക്രോ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും ആയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഇമ്മാനുവൽ മാക്രോയുടെ നാലാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. എന്നാൽ മുംബൈയിലേക്ക് അദ്ദേഹം ആദ്യമായാണ് എത്തുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം വിലയിരുത്തും. തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇമ്മാനുവൽ മാക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി, വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള അംഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങ്ങിന്റെ ആറ് P81 വിമാനങ്ങളാണ് വാങ്ങുക.