ആപ്പിൾ കമ്പനി ഐഫോൺ 17 സീരീസിനൊപ്പം അവതരിപ്പിച്ച ഐഫോൺ എയർ വലിയ ചർച്ചാവിഷയമായിരുന്നു. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോൺ എന്ന വിശേഷണമുണ്ടായിട്ടും, ആദ്യ തലമുറ ഐഫോൺ എയറിന് വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ ഐഫോൺ എയറിൻ്റെ ഉൽപാദനം കുറയ്ക്കാൻ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വിപണിയിലെ തിരിച്ചടി മറികടക്കാൻ ഐഫോൺ എയറിൻ്റെ അടുത്ത മോഡലിൽ വമ്പൻ അപ്‌ഗ്രേഡിന് ആപ്പിൾ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ‘ഐഫോൺ എയർ 2’ അല്ലെങ്കിൽ ‘ഐഫോൺ 18 എയർ’ എന്നിങ്ങനെ പേരുകൾ ഉയർന്നു കേൾക്കുന്ന അടുത്ത അൾട്രാ-സ്ലിം ഐഫോണിൽ, നിലവിലുള്ള സിംഗിൾ ക്യാമറയ്ക്ക് പകരം ഇരട്ട റിയർ ക്യാമറ സംവിധാനം ഉണ്ടാകുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു.
2025 സെപ്റ്റംബറിൽ പുറത്തിറങ്ങിയ അൾട്രാ-സ്ലിം മോഡലായ ഐഫോൺ എയറിൻ്റെ കനം 5.6 മില്ലിമീറ്റർ മാത്രമായിരുന്നു. 1,19,900 രൂപ മുതലായിരുന്നു ഇന്ത്യയിലെ വില. നേർത്ത ഡിസൈൻ ശ്രദ്ധേയമായെങ്കിലും, 48 മെഗാപിക്സലിൻ്റെ സിംഗിൾ റിയർ ക്യാമറ മാത്രമുണ്ടായിരുന്നത് ഉപയോക്താക്കൾക്കിടയിൽ പ്രധാന ന്യൂനതയായി വിലയിരുത്തപ്പെട്ടു. പണത്തിനൊത്ത മൂല്യം നൽകുന്നില്ല എന്ന പരാതി കാരണം, തുടക്കത്തിലെ ഹൈപ്പിന് ശേഷം ഐഫോൺ എയറിൻ്റെ വിൽപ്പന ആഗോളതലത്തിൽ ഇടിഞ്ഞു. ഈ തിരിച്ചടി മറികടക്കാൻ ഐഫോൺ എയറിൻ്റെ രണ്ടാം തലമുറ മോഡലിൽ (ഐഫോൺ 18 എയർ എന്ന് പേര് പ്രതീക്ഷിക്കുന്നു) വലിയ ക്യാമറ അപ്‌ഗ്രേഡ് കൊണ്ടുവരാൻ ആപ്പിൾ ആലോചിക്കുകയാണ്. ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ നൽകുന്ന സൂചന അനുസരിച്ച്, അടുത്ത ഐഫോൺ എയറിൽ 48 മെഗാപിക്സലിൻ്റെ പ്രധാന സെൻസറിന് പുറമെ 48 എം.പി.യുടെ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുത്താനാണ് സാധ്യത.
ഐഫോൺ എയർ 2-ൻ്റേത് എന്ന് അവകാശപ്പെടുന്ന ഒരു ഡിസൈൻ റെൻഡർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ടിട്ടുണ്ട്. പിൻഭാഗത്ത് രണ്ടാമതൊരു ലെൻസ് കൂടി ചേർത്തതൊഴിച്ചാൽ, ഐഫോൺ എയറിൻ്റെ അൾട്രാ-തിൻ ഡിസൈനിൽ മറ്റ് പ്രകടമായ മാറ്റങ്ങളൊന്നും ഈ ചിത്രത്തിൽ കാണാനില്ല. 6.5 ഇഞ്ച് ഓ.എൽ.ഇ.ഡി. (OLED) ഡിസ്‌പ്ലെയും, പ്രോ-മോഷൻ സാങ്കേതികവിദ്യ, ഫേസ് ഐ.ഡി. (Face ID) എന്നിവയുടെ പിന്തുണയും അടുത്ത തലമുറ ഐഫോൺ എയറിലും നിലനിർത്തുമെന്നും ലീക്കുകൾ പറയുന്നു. രണ്ടാമതൊരു ക്യാമറ കൂടി ചേരുമ്പോൾ മുൻഗാമിയുടെ 5.6 mm കട്ടിയിൽ നിന്ന് ഫോണിന് മാറ്റം ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. അടുത്ത ഐഫോൺ എയർ മോഡലിന് ‘ഐഫോൺ 18 എയർ’ എന്ന് പേരിടാൻ സാധ്യതയുണ്ട്. ഐഫോൺ 18 മോഡലുകൾ എ20, എ20 പ്രോ ചിപ്പുകളിലായിരിക്കും എത്തുക എന്ന സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു.
