‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിവേക് ഒരുക്കുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ‘പ്രൊഡക്ഷൻ നമ്പർ 4’ എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്. ‘പ്രേമലു’ ഫെയിം സംഗീത് പ്രതാപും അന്നാ ബെന്നുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മികച്ച ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ഒരു തിയേറ്റർ അനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.
അന്നാ ബെൻ തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ വേഷത്തിൽ എത്തുമ്പോൾ, സംഗീത് പ്രതാപിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഇതിലേത്. ‘പെണ്ണും പൊറോട്ടും’ എന്ന ചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ വലിയ പ്രശംസ പിടിച്ചുപറ്റിയ രവിശങ്കർ ആണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സംവിധായകൻ വിവേകിനൊപ്പം രവിശങ്കർ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
വൻ അണിയറപ്രവർത്തകരാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. പ്രശസ്ത കലാസംവിധായകൻ എം. ബാവ തന്റെ കരിയറിലെ 120-ാമത് ചിത്രമാണ് ഇതിലൂടെ പൂർത്തിയാക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചെറിൻ പോൾ ആദ്യമായി ഈ ചിത്രത്തിലൂടെ സിനിമയിൽ ഛായാഗ്രാഹകനാകുന്നു. ‘ഭ്രമയുഗം’ ചിത്രത്തിലൂടെ തിളങ്ങിയ മെൽവിൻ ജോയ് വസ്ത്രാലങ്കാരവും, അമൽ കുമാർ മേക്കപ്പും, ഡോൺ വിൻസെന്റ് പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. പ്രമുഖ ഇൻഡിപെൻഡന്റ് സംഗീതജ്ഞർ കൂടി പങ്കുചേരുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ശ്രാവൺ സത്യയാണ്.
