കെഎസ്ആർടിസി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം നേടി. 2025 ഡിസംബർ 1-ന് 9.72 കോടിയാണ് കോർപ്പറേഷന് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. ടിക്കറ്റിതര വരുമാനമായ 77.9 ലക്ഷം കൂടി ചേർത്തപ്പോൾ ആകെ വരുമാനം 10.5 കോടി കടന്നു. 2025 സെപ്റ്റംബർ 8-ന് നേടിയ 10.19 കോടി ആണ് കെഎസ്ആർടിസിയുടെ എക്കാലത്തെയും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം.
കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടിയായിരുന്നു ടിക്കറ്റ് വരുമാനം എന്ന സ്ഥാനത്താണ് കെഎസ്ആർടിസിയുടെ ഈ പുതിയ നേട്ടം. നിലവിൽ കോർപ്പറേഷന്റെ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ് എന്നതും ശ്രദ്ധേയമാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് കൈവരിക്കാൻ കഴിഞ്ഞത് വരുമാനം കൂടാൻ കാരണമായി. പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനുള്ള ശ്രമങ്ങളും, സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളും യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടുന്നതിന് സഹായിച്ചു.
കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, കോർപ്പറേഷനോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി
