സൂപ്പർ മാർക്കറ്റ് ജീവനക്കാരോടുള്ള വൈരാഗ്യം തീർക്കാൻ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിൽ മൂത്രം കലർത്തി വിൽപനയ്ക്ക് വെച്ച വയോധികൻ പിടിയിലായി. ഹോങ്കോങ്ങിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകളായ വെൽകം, പാർക്കൻഷോപ്പ് എന്നിവിടങ്ങളിൽ കൃത്രിമം കാണിച്ച 63-കാരനായ ഫ്രാങ്ക്ലിൻ ലോ കിംഗായ് ആണ് പിടിയിലായത്. ഒരു വർഷത്തോളം നീണ്ട ഇയാളുടെ ക്രൂരവിനോദത്തിന് ഒടുവിൽ ഒമ്പത് വയസ്സുകാരൻ അസുഖബാധിതനായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പ്രതികാരം തീർത്തത് പാനീയങ്ങളിലൂടെ
2024 ജൂലൈ മുതൽ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഫ്രാങ്ക്ലിൻ ഈ പ്രവർത്തി തുടർന്നത്. കടയിൽ നിന്ന് കൊക്ക കോള, സെവൻ അപ്പ് ബോട്ടിലുകൾ എടുത്ത ശേഷം അതിൽ മൂത്രം നിറച്ച് തിരികെ റാക്കുകളിൽ തന്നെ വെക്കുകയായിരുന്നു ഇയാളുടെ രീതി. പാനീയത്തിന് രുചി വ്യത്യാസം അനുഭവപ്പെടുന്നതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് കമ്പനി നടത്തിയ പരിശോധനയിലാണ് മൂത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനിടെ ജൂലൈയിൽ പാനീയം കുടിച്ച ഒമ്പത് വയസ്സുകാരൻ ഗുരുതരാവസ്ഥയിലായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
‘കൊക്ക കോള ആസ്വദിക്കൂ’; ടീ ഷർട്ടിലെ പരിഹാസം
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇയാൾ ധരിച്ചിരുന്ന ടീ ഷർട്ടിലെ ‘കൊക്ക കോള ആസ്വദിക്കൂ’ എന്ന വാചകം ഏറെ ചർച്ചയായിട്ടുണ്ട്. പൊതുജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിച്ച ഇയാൾക്കെതിരെ ‘അപകടകരമായ വസ്തുക്കൾ നൽകി പരിക്കേൽപ്പിക്കാൻ ശ്രമിച്ചു’ എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
വിഷാദരോഗമെന്ന് പ്രതിഭാഗം
ഭാര്യയുമായുള്ള വിവാഹമോചനവും ജോലിയിൽ നിന്നുള്ള വിരമിക്കലുമാണ് ഫ്രാങ്ക്ലിനെ മാനസികമായി തളർത്തിയതെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കുടുംബാംഗങ്ങൾ ഉപേക്ഷിച്ചു പോയതിനെ തുടർന്നുണ്ടായ വിഷാദാവസ്ഥയിലാണ് ഇയാൾ ഇങ്ങനെയൊരു ‘പ്രാങ്ക്’ ചെയ്യാൻ തുനിഞ്ഞതെന്നാണ് വാദം. എന്നാൽ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രവൃത്തിയാണിതെന്ന് നിരീക്ഷിച്ച കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു.
പ്രതിയെ നിലവിൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഒക്ടോബർ 21-ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
