Home » Blog » Top News » പ്രചാരണത്തില്‍ ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടി: തിരഞ്ഞെടുപ്പ് കമ്മീഷന്‍
images - 2025-11-24T190441.016

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പൊതുയോഗം നടത്തുന്ന സമയം, സ്ഥലം എന്നിവ പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ നിലവില്ലെന്ന് ഉറപ്പാക്കണം. മറ്റു കക്ഷികളുടെ യോഗം, ജാഥ എന്നിവ തടസപ്പെടുത്തരുത്. ഉച്ചഭാഷിണി, വാഹനം എന്നിവ ഉപയോഗിക്കുന്നതിന് അധികാരികളില്‍ നിന്ന് അനുവാദം വാങ്ങണം.

 

നിയമങ്ങളും കോടതി ഉത്തരവും പാലിച്ച് ജാഥ സംഘടിപ്പിക്കണം. ജാഥ പോകുന്ന റൂട്ടും സമയവും പൊലീസ് അധികൃതരെ മുന്‍കൂട്ടി അറിയിക്കണം.

നിയന്ത്രണ ഉത്തരവും ട്രാഫിക്ക് നിയമവും പാലിക്കണം. ഗതാഗത കുരുക്ക് ഒഴിവാക്കണം. വാഹനങ്ങളില്‍ രൂപമാറ്റം, മൈക്ക് അനൗണ്‍സ്മെന്റ് എന്നിവ നിയമം പാലിച്ചാകണം. പ്രചാരണ വാഹനം അനുമതി ലഭിച്ചശേഷം ഉപയോഗിക്കുക. പൊതുസ്ഥലം വികൃതമാക്കുന്ന രീതിയില്‍ കൊടി, ബാനര്‍ എന്നിവ സ്ഥാപിക്കരുത്. ആരാധനാലയം, മതസ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ ഉടമസ്ഥന്റെ അനുവാദം കൂടാതെയും പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്. മറ്റു പാര്‍ട്ടിക്കാരുടെ കോലം കൊണ്ടുനടക്കാനോ കത്തിക്കാനോ പാടില്ല. വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം, പ്രതിഷേധം, പിക്കറ്റിംഗ് തുടങ്ങിയവ പാടില്ല.

ലഘുലേഖ, പോസ്റ്റര്‍ തുടങ്ങിയവയുടെ പുറംചട്ടയില്‍ അച്ചടിച്ച പ്രസ്സ്, പ്രസാധകന്റെ മേല്‍വിലാസം, കോപ്പിയുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ട് പേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാള്‍ക്ക് കൈമാറണം. അച്ചടിച്ച ശേഷം പ്രഖ്യാപനം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയയ്ക്കണം. ബാനര്‍, പരസ്യബോര്‍ഡ് എന്നിവ സംബന്ധിച്ച് വരണാധികാരിക്ക് നിശ്ചിതഫോറത്തില്‍ വിവരം നല്‍കണം.

ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളോ വിദ്വേഷമോ ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്. സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതി ഭ്രഷ്ട് തുടങ്ങിയ തരത്തിലുള്ള ഭീഷണി പാടില്ല.