Home » Blog » Kerala » പൊതു ഇടങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കുന്നു -മന്ത്രി പി എ മുഹമ്മദ് റിയാസ്  
14_5

ഫറോക്ക് കല്ലംപാറ പഴയപാലം ഫുഡ് സ്ട്രീറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.

 

ഇന്ത്യയിൽ ആദ്യമായി പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ ഡിസൈൻ നയം നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് കല്ലംപാറ പഴയപാലം ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഒന്നിക്കാനുള്ള പൊതു ഇടങ്ങൾ ഉണ്ടാകുമ്പോൾ അവരെ ഭിന്നിപ്പിക്കാൻ സാധിക്കില്ല, ഒന്നിപ്പിക്കാൻ വഴിയൊരുക്കുകയാണ് ചെയ്യുക. ഇത്തരം കേന്ദ്രങ്ങൾ വർധിപ്പിക്കുകയും വികസിപ്പിക്കുകയും വേണം. ദീപാലംകൃതമായ ഫറോക്ക് പഴയ പാലം, നല്ലളം വി പാർക്ക്, കൊളത്തറ അബ്ദുറഹ്മാൻ പാർക്ക് എന്നിവയടങ്ങിയ പട്ടികയിലേക്ക് കല്ലംപാറ ഫുഡ് സ്ട്രീറ്റ് കൂടി എത്തിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ടൂറിസം വകുപ്പ് അനുവദിച്ച 98 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫറോക്ക് നഗരസഭയും കടലുണ്ടി ഗ്രാമപഞ്ചായത്തും അതിരിടുന്ന വടക്കുമ്പാട് പുഴക്ക് കുറുകെയുള്ള പഴയപാലത്തില്‍ ഫുഡ് സ്ട്രീറ്റ് ഒരുക്കിയത്. ഇരിപ്പിടങ്ങള്‍, കഫ്റ്റീരിയ, ചെറിയ കിയോസ്‌കുകള്‍, അലങ്കാര വിളക്കുകള്‍, അലങ്കാര പൂച്ചെടികള്‍, ശുചിമുറി, നടപ്പാത എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്.

 

ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ ഭക്തവത്സലൻ അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അനൂപ് മുഖ്യാതിഥിയായി. ഫറോക്ക് നഗരസഭ ചെയർപേഴ്സൺ സി ചന്ദ്രിക, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത സനൂപ്, ഫറോക്ക് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മൊയ്തീൻ കോയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത ടീച്ചർ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ്, മേഖലാ ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.