എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. തയ്യാറെടുപ്പുകള്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. വേനല്‍ച്ചൂടില്‍ നിര്‍ജലീകരണം തടയാന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കണം. ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് അടിയന്തര ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണം. പരീക്ഷാകേന്ദ്രങ്ങളിലും ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും പൊലിസ് വിന്യാസമുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷ നടക്കുന്നത് മാര്‍ച്ച് 5 മുതല്‍ 30 വരെയാണ്. പരീക്ഷകളെല്ലാം രാവിലെ 9.30ന് തുടങ്ങും. കൊല്ലം (15390), കൊട്ടാരക്കര (7340), പുനലൂര്‍ (6210) എന്നീ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 28940 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്ലസ് വണ്‍-26308, പ്ലസ് ടു-29545 വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍-4500, പ്ലസ് ടു വിഭാഗത്തില്‍ 4000 പേരുമാണ് പരീക്ഷയെഴുതുക. പ്ലസ് വണ്‍ വിഭാഗത്തിന് ഉച്ചയ്ക്കും പ്ലസ്ടുവിനു രാവിലെയുമാണ് പരീക്ഷ.
വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് സേവനം ലഭിക്കാന്‍ 0471 2580717 നമ്പറിലും പൊതുപരീക്ഷയുമായി ബന്ധപെട്ട് വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹിത കോര്‍ഡിനേറ്റര്‍മാരുടെ കൗണ്‍സലിങ് സേവനം ലഭിക്കാന്‍ 1800 425 2844 ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
