‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെന്‍റ്’. ഇപ്പോഴിതാ ചിത്രത്തിൻ്റെ സ്പെഷ്യൽ പോസ്റ്റർ ആണ് എത്തിയിരിക്കുന്നത്. ചിത്രത്തിൽ നായകനായെത്തുന്ന അൽത്താഫ് സലിമിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം നവംബർ 7-നാണ് വേള്‍ഡ് വൈഡ് റിലീസായി എത്തുന്നത്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതാണ് പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത് സതീഷ് തൻവിയാണ്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
