Home » Blog » Health » പീഡിയാട്രിക് കാർഡിയോളജി സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി ; 100-ലധികം കുട്ടികൾ പങ്കെടുത്തു
2

കോഴിക്കോട്: അമൃത ആശുപത്രി, മാതാ അമൃതാനന്ദമയി മഠം, അമൃത കൃപ സ്പെഷ്യാലിറ്റി ക്ലിനിക് എന്നിവ സംയുക്തമായി കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള അമൃത കൃപ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ സംഘടിപ്പിച്ച പീഡിയാട്രിക് കാർഡിയോളജി സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.  ക്യാമ്പിൽ 100-ത്തിലധികം കുട്ടികൾ പങ്കെടുത്തു.

മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദ പുരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സി. ശ്രീകുമാർ, ഡോ. ബ്രിജേഷ് .പി.കെ. തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ ജന്മനാ ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള പരിശോധനകളും വിദഗ്ധ ചികിത്സാ നിർദേശങ്ങളും നൽകി.

ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള അർഹരായ കുട്ടികൾക്ക് കൊച്ചി അമൃത ആശുപത്രിയിൽ നിന്നും സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സർജറിക്കായി കാത്തിരിക്കുന്നവർക്കും സർജറി കഴിഞ്ഞവർക്കുമായി എക്കോ, ECG തുടങ്ങിയ പരിശോധനകൾ തികച്ചും സൗജന്യമായി നടത്തി. ക്യാമ്പ് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമായതായി സംഘാടകർ അറിയിച്ചു.