കർണാടക രാഷ്ട്രീയത്തിൽ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളും തർക്കങ്ങളും ശക്തമായിക്കൊണ്ടിരിക്കെ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും എം.എൽ.സിയുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയുടെ അപ്രതീക്ഷിത പ്രസ്താവന ചർച്ചയാകുന്നു. തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന കാലഘട്ടത്തിലാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, പിൻഗാമിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പകരം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ സാധ്യതകളെ പിന്തുണക്കുകയും ചെയ്തു. മുഖ്യമന്ത്രി പദത്തിനായി കാത്തിരിക്കുന്ന ഡി.കെ. ശിവകുമാറിന് ഇത് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
സംസ്ഥാന സർക്കാരിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും സജീവമായി നിലനിൽക്കുന്നതിനിടയിലാണ് യതീന്ദ്രയുടെ ഈ പരാമർശം. അടുത്തിടെ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി നോട്ടീസ് നൽകിയിരുന്നു.
കർണാടകയിൽ നേതൃമാറ്റത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ്, തൻ്റെ പിതാവിൻ്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ സതീഷ് ജാർക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്ന് സിദ്ധരാമയ്യയുടെ മകൻ വ്യക്തമാക്കിയത്. സിദ്ധരാമയ്യയുടെ പുരോഗമനപരമായ പ്രത്യയശാസ്ത്രത്തോട് പൂർണ്ണമായി കൂറ് പുലർത്തുന്ന ഒരാളെ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ, ഒരു പരിഷ്കരണവാദിയെന്ന നിലയിൽ ജാർക്കിഹോളിക്ക് ഈ ദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ താൻ ഇല്ലെന്ന് ജാർക്കിഹോളി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ബെലഗാവിയിൽ സതീഷ് ജാർക്കിഹോളിയും പങ്കെടുത്ത ഒരു ചടങ്ങിലാണ് യതീന്ദ്ര ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. “എൻ്റെ അച്ഛൻ രാഷ്ട്രീയ ജീവിതത്തിൻ്റെ അന്തിമ ഘട്ടത്തിലാണ്. ഈ സന്ദർഭത്തിൽ, ശക്തമായ പ്രത്യയശാസ്ത്രവും പുരോഗമന കാഴ്ചപ്പാടുമുള്ള, അദ്ദേഹത്തിന് ഒരു ‘മാർഗ്ഗദർശക്’ (വഴികാട്ടി) ആകാൻ കഴിയുന്ന ഒരു നേതാവിനെ ആവശ്യമുണ്ട്. കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾ മുറുകെ പിടിച്ച് പാർട്ടിയെ ഫലപ്രദമായി നയിക്കാൻ ജാർക്കിഹോളിക്ക് സാധിക്കും. ഇത്രയും പ്രത്യയശാസ്ത്രപരമായ ബോധ്യമുള്ള ഒരു നേതാവിനെ കണ്ടെത്തുക അപൂർവമാണ്, അദ്ദേഹം ഈ നല്ല പ്രവർത്തനം തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” യതീന്ദ്ര പറഞ്ഞു.
കർണാടക നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുമ്പോൾ, യതീന്ദ്രയുടെ വാക്കുകൾ കൃത്യമായ ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ നീക്കമായിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അധികാരം സിദ്ധരാമയ്യ പക്ഷത്ത് തന്നെ തുടരുമെന്ന ശക്തമായ സന്ദേശം ഡി.കെ. ശിവകുമാറിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും നൽകുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായേക്കാം.
