സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കർണാടക ഹൈക്കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കാജൽ രാജ് പുരോഹിത് ആണ് പിതാവ് അശോക് പുരോഹിതിൽ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയത്. തനിക്ക് താല്പര്യമില്ലാത്ത വിവാഹത്തിന് പിതാവ് തന്നെ നിർബന്ധിക്കുന്നുവെന്നും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന കർക്കശമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.
യുവതിയുടെ പരാതി ഗൗരവമായി പരിഗണിച്ച കർണാടക ഹൈക്കോടതി അവർക്ക് അടിയന്തര സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി. വൈറ്റ്ഫീൽഡ് പൊലീസിനാണ് ഇതുസംബന്ധിച്ച കർശനമായ ഉത്തരവ് കോടതി കൈമാറിയത്. സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച യുവതിയുടെ ആശങ്കകൾ കണക്കിലെടുത്ത് വ്യക്തിസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.
