പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐയും സിപിഐഎമ്മും എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും, മുഖ്യമന്ത്രി വിളിച്ചാൽ വിഷയം തീർച്ചയായും ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പിഎം ശ്രീ വിഷയത്തിൽ സിപിഐ ശരിയായ നിലപാട് സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. “സിപിഐയുടെ കമ്മിറ്റി കൂടാൻ പോവുകയാണ്. ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയുടെ എല്ലാ വാതിലും എൽഡിഎഫിൽ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എൽഡിഎഫ് എൽഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചർച്ചകൾ ഉണ്ടാകും’, ബിനോയ് വിശ്വം പറഞ്ഞു.
നേരത്തെ, പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കരാറിൽ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും, കേന്ദ്ര ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒപ്പിട്ടത് ശരിയായില്ലെന്ന എതിർപ്പ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയോട് ആവർത്തിച്ചു എന്നാണ് വിവരം.
