കണ്ണാടി ഹയർസെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റ് നടപടിയെടുത്തു. ആരോപണവിധേയരായ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പത്ത് ദിവസത്തേക്കാണ് സസ്‌പെൻഷൻ. സർക്കാർ വകുപ്പുതല നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് മാനേജ്മെന്റിന്റെ ഈ നടപടി.

അർജുന്റെ മരണത്തിന് തൊട്ടുമുമ്പ് ക്ലാസ് ടീച്ചർ ആശ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. സൈബർ സെല്ലിനെ വിളിക്കുമെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴയടയ്‌ക്കേണ്ടി വരുമെന്നും ടീച്ചർ ഭീഷണിപ്പെടുത്തിയതായി അർജുന്റെ ഒരു സഹപാഠി വെളിപ്പെടുത്തി. ഇതിനുശേഷം അർജുൻ അസ്വസ്ഥനായിരുന്നുവെന്നും സ്കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞ് കരഞ്ഞെന്നും സഹപാഠി കൂട്ടിച്ചേർത്തു. അതേസമയം, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവൻ തല്ലിയതുകൊണ്ടാണ് അർജുൻ മരിച്ചതെന്നുമാണ് ആശ ടീച്ചർ മറ്റൊരു സുഹൃത്തിനോട് പറഞ്ഞത്. ഇൻസ്റ്റാഗ്രാം സന്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ശാസിച്ചതിന് പിന്നാലെയാണ് ക്ലാസ് ടീച്ചർ സമാന വിഷയത്തിൽ ഇടപെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും ആരോപണം.