കാബൂൾ: പാക് -അഫ്ഗാൻ സംഘർഷം തുടരുന്നതിനിടെ പാക്കിസ്ഥാൻ ആക്രമിക്കാൻ താലിബാൻ ചാവേർപ്പടയെ സജ്ജമാക്കിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ അഫ്ഗാനിസ്താനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് താലിബാൻ തങ്ങളുടെ ചാവേർപ്പടയെ ആക്രമണത്തിനായി സജ്ജമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചാവേർപ്പോരാളികളായ സംഘം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം ധരിച്ച് കാർ ബോംബും സഹിതം സജ്ജരായിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധഭാഗങ്ങളിൽ താലിബാന്റെ സൈനികനീക്കങ്ങൾ നടന്നുവരികയാണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. പക്തിയ, പക്തിക, ഖോസ്ത് തുടങ്ങിയ അതിർത്തിമേഖലകളിൽ പാക്കിസ്ഥാനെതിരേ അതിതീവ്രമായ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു.
