സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ കൂട്ടി ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ. പ്രധാനമായും ആഡംബര വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈ ഒക്ടേൻ ഇന്ധനത്തിന് ലിറ്ററിന് ഒറ്റയടിക്ക് 200 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ 100 രൂപയായിരുന്ന ഇന്ധനവില 300 രൂപയായി ഉയർന്നു. ഏകദേശം 200 ശതമാനത്തിന്റെ അവിശ്വസനീയമായ വർദ്ധനവാണ് ഈ മേഖലയിലുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ കടുത്ത തീരുമാനത്തിന് അംഗീകാരം നൽകിയത്. എന്നാൽ ഈ വിലവർദ്ധന പൊതുഗതാഗതത്തെയോ വിമാനയാത്രയെയോ നേരിട്ട് ബാധിക്കില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ഹൈ ഒക്ടേൻ ഇന്ധനത്തിന് പുറമെ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ആദ്യവാരത്തിൽ തന്നെ പെട്രോളിനും ഡീസലിനും ലിറ്ററിന് 55 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. പുതിയ നിരക്ക് പ്രകാരം പെട്രോൾ ലിറ്ററിന് 321.17 രൂപയായും ഡീസൽ 335.86 രൂപയായും ഉയർന്നു. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
